Sunday, 10 January 2010

ഗൂഗിള്‍ മാപ് മികച്ച ഒരു യാത്രാ സഹായി...


എന്റെ മൊബൈലില്‍ എപ്പോഴോ ഇന്‍സ്റ്റാള്‍ ചെയ്തു ഇട്ടിരുന്ന ഗൂഗിള്‍ മാപ് എന്ന കൊച്ചു ആപ്ലിക്കേഷന്‍ എത്രത്തോളം ഉപകാരപ്രദമാണെന്നു ഇന്നലെയാണു മനസ്സിലായത്. ഇന്നലെ രാത്രി ഒരു പതിനൊന്നു മണിക്കു ശേഷമാണു ഞങ്ങള്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. കുറച്ചു എഞ്ചിനീയറിങ്ങ് കോളേജുകളുടെ മുന്‍പില്‍ പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്നു ലക്ഷ്യം. തീരെ പരിചയമില്ലാത്ത വഴി. ചോദിക്കാന്‍ ഒരാളെ പോലും പുറത്തു കാണാത്ത സമയം, ഇവിടെയാണു ഈ ആപ്ലിക്കേഷന്‍ ഞങ്ങളുടെ രക്ഷക്കെത്തിയത്. ഓരോ വളവും തിരിവും അടക്കം മുഴുവന്‍ വഴിയും ഞങ്ങള്‍ക്കു കാണിച്ചു തന്നു. തീര്‍ന്നില്ല, രാത്രി പ്രവര്‍ത്തിക്കുന്ന ഹോട്ടെലുകളും പെട്രൊള്‍ പമ്പുകളും. ഇത്രയും ഉപകാരമുള്ള മറ്റൊരു സോഫ്റ്റ് വെയറും ഞാന്‍ ഉപയോഗിച്ചിട്ടില്ല എന്നു തന്നെ പറയാം. ഡൗണ്‍ലോഡ് ലിങ്ക് http://m.google.com/search/download/GoogleSearch.sisx

Monday, 20 July 2009

മഴ വെള്ള സംഭരണം ഒരു ഉദാത്ത മാത്യക....


ഞങ്ങളുടെ കോളേജ് കാമ്പസില്‍ നിന്നും....

Sunday, 19 July 2009

ആതിരപ്പിള്ളി.... ആരും കാണാത്ത ചില പോസുകള്‍.....





ആതിരപ്പിള്ളി വെള്ളച്ചാട്ടം മുഴുവനായും ഒറ്റ ഫ്രെയിമില്‍ കിട്ടുകയില്ല സാധാരണ റോഡില്‍ നിന്നാല്‍... ഇതു ഞങ്ങള്‍ വളരെ കഷ്ടപെട്ടു കാട്ടിലൂടെ പോയി എടുത്തതാണു.... നല്ല ഒരു കാമറ ഇല്ലാത്തതിന്റെ വിഷമം ഈ സീന്‍ കണ്ടപ്പോഴാണു ശരിക്കും അനുഭവപ്പെട്ടത്. ഇതു എന്റെ മൊബിലില്‍ എടുത്ത ചിത്രമാണു.











വാല്‍കഷണം: ബോണസായി ഞങ്ങള്‍ക്കു ഐശ്വര്യാ ബച്ചനേം, അഭിഷേക് ബച്ചനേം, വിക്രമിനേം കാണാന്‍ പറ്റി. (രാവണന്‍ എന്ന സിനിമയുടെ ഷൂട്ടിങ് ഉണ്ടായിരുന്നു)

Sunday, 14 June 2009

ഇനിയും പൂര്‍ത്തീകരിക്കാത്ത ഒരു പ്രണയ കഥ...

{ഈ കഥയില്‍ പറയുന്നതെല്ലാം സംഭവിചതോ, സംഭവിച്ചു കൊണ്ടിരിക്കുന്നതോ ആയ കാര്യങ്ങളാണ്।പലര്‍ക്കും ഇതിലെ പല സംഭവങ്ങളും അറിയാം। ഇതു അറിയുന്നവരും, ഇതു വായിച്ചു കഴിഞ്ഞതിനു ശേഷം അറിയുന്നവരും കേള്‍ക്കാനായി ‘ഈ പാവം ഞാന്റെ
‘ അപേക്ഷ, ചുമ്മാ എന്റെ കഞ്ഞീല്‍ പാറ്റ ഇടരുത്, വേണേല്‍ കോലുമുട്ടായി വാങ്ങി തരാം}




ഞാന്‍ അവളെ ആദ്യമായി കാണുന്നത്.... (ഡേറ്റ് കൃത്യമായി ഓര്‍മ്മയില്ല)। എന്തായാലും രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ അവളെ ശ്രദ്ധിച്ചു തുടങ്ങിയത് (സത്യമായിട്ടും രണ്ടാം ക്ലാസില്‍)। എന്തു കൊണ്ടാണെന്നറിയില്ല അന്നു ക്ലാസ് നടക്കുമ്പോള്‍ ഞങ്ങള്‍ പരസ്പരം നോക്കി ചിരിക്കാറുണ്ട് (പിന്നീട് അവള്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെങ്കിലും കാര്യം സത്യാണ്ട്ടോ...)। അന്നെനിക്കറിയില്ലായിരുന്നു അവിടെ ഒരു പ്രണയം മൊട്ടിടുകയാണെന്ന്। എന്തായാലും പിന്നെ രണ്ടു വര്‍ഷത്തെ കാര്യമൊന്നും എനിക്കോര്‍മയില്ല (ഞാന്‍ കൊച്ചു കുട്ടിയല്ലായിരുന്നൊ?) . നാലാം ക്ലാസ് ജയിച്ച കുട്ടികളെ നിരത്തി നിര്‍ത്തി ഓരോ ക്ലാസ് ടീച്ചര്‍ മാര്‍ വന്നു അഞ്ചിലേക്കു വിളിച്ചു കൊണ്ടു പോകുകയായിരുന്നു പതിവ്। ആ ദിവസം ഞാന്‍ ഓരോ പേര്‍ വിളിക്കുന്നതും ശ്രദ്ധിച്ചു നില്‍ക്കുകയായിരുന്നു। ഞാന്‍ ഏതു ക്ലാസിലാണെന്നറിയാനല്ല, അവള്‍ ഏതു ക്ലാസിലാണെന്നറിയാന്‍.... ഒരു പാടു നേരത്തെ കാത്തിരിപ്പിബൊടുവില്‍ അവളുടെ പേരു വിളിച്ചു। ആരും വരുന്നില്ല। ടീച്ചര്‍ ഒന്നു കൂടി വിളിച്ചു നോക്കി, പക്ഷെ അവള്‍ വന്നില്ല। അല്പം ദുഖ:ത്തോടെയാണെങ്കിലും നാളെ അവള്‍ വരുമെന്ന പ്രതീക്ഷയില്‍ ഞാന്‍ തിരികെ പോന്നു. പിന്നീടുള്ള രണ്ടു ദിവസം ഉച്ച ഇന്റര്‍വെല്ലിന്നു ഞാനും കൂട്ടുകാരനും കൂടി ഓരോ ക്ലാസിന്റെയും ഉള്ളില്‍ പോയി നോക്കി, അവളെ കാണാന്‍. മൂന്നാം ദിവസം എനിക്കു മനസിലായി അവള്‍ ടി സി വാങ്ങി വേറെ ഏതോ സ്കൂളില്‍ പോയി എന്ന്. അന്നു ഞാന്‍ മറ്റൊരു സത്യം കൂടി മനസിലാക്കി, എനിക്കവളോടു മറ്റാരോടും തോന്നാത്ത ഒരു അടുപ്പം ഉണ്ടെന്ന്. (അതു പ്രേമമാണെന്നു ഞാന്‍ എപ്പോള്‍ മനസിലാക്കി എന്നറിയില്ല. എന്തായാലും ഏഴാം ക്ലാസ് കഴിയുന്നതിനു മുന്‍പേ അതുണ്ടായി). പിന്നെ രണ്ടു വര്‍ഷം അവളെ കുറിച്ചു ഒരു വിവരവുമില്ലതെ കടന്നു പോയി. ഏഴാം ക്ലാസില്‍ വച്ചാണ് പിന്നെ ഞാനവളെ കാണുന്നത്(തെറ്റിദ്ധരിക്കല്ലേ, ക്ലാസില്‍ വച്ചല്ല. ആ കാലം എന്നേ ഞാന്‍ ഉദ്ധേശിച്ചുള്ളൂ). എന്റെ കൂട്ടുകാരന്‍ ജിതിന്‍ ആണ് അവളെ എനിക്കു കാണിച്ചു തരുന്നത്. എന്നും നാലരക്ക് അവള്‍ പോകുന്ന ജീപ്പ് ഞങ്ങളുടെ സ്കൂളിന്റെ അരികില്‍ കുട്ടികളെ കയറ്റാനായി നിര്‍ത്തി യിടുന്നുണ്ടായിരുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി ജിതിന്‍ ഇതു കണ്ടു പിടിച്ച് എന്നെ അറിയിച്ചു. പിന്നീട് എല്ലാ ദിവസവും, കളിയില്‍ ഒരു താല്പര്യവുമില്ലാത്ത ഞാന്‍ കളിക്കാന്‍ വേണ്ടി നാലര വരെ സ്കൂളില്‍ തങ്ങി (അങ്ങനെയാണ് വീട്ടില്‍ പറഞ്ഞത്, അല്ലാതെ ഉള്ള സത്യം മുഴുവന്‍ പറയാനുള്ള ധൈര്യം അന്നുണ്ടായിരുന്നൊ?) സ്കൂളിനു പുറത്ത് ഒരു കുഴല്‍ കിണറുണ്ടായിരുന്നു. അതിനടുത്താണ് അവളുടെ വണ്ടി നിര്‍ത്തിയിടാറ് എന്ന ഒറ്റക്കാരണത്താല്‍ ഞങ്ങള്‍ എന്നും വെള്ളം കുടിക്കാന്‍ പോകുമായിരുന്നു। പിന്നീട് ഞാന്‍ വെള്ളികുളങ്ങരയിലെ സ്കൂളിലേക്കു പോയി। അവള്‍ ചാലക്കുടിയിലായിരുന്നതു കൊണ്ട് കാണാനുള്ള അവസരം തീരെ കുറവായിരുന്നു। പക്ഷെ അതിനും ഞാന്‍ പോം വഴി കണ്ടു പിടിച്ചു। അവള്‍ വരുന്ന കോടശ്ശേരി ബസ്സും എന്റെ ചാതേലി ബസ്സും ഒരേ സമയത്താണ് അവള്‍ ഇറങ്ങുന്ന സ്റ്റോപ്പില്‍ എത്തുക। അങ്ങനെ എനിക്കവളെ കാണാമായിരുന്നു।(ബസ്സുകള്‍ കൃത്യ സമയം പാലിക്കാന്‍ ഞാന്‍ നേര്‍ച്ചയിടാറുണ്ട്)। പത്താം ക്ലാസ്സ് ആയപ്പോഴെക്കും ഈ കാര്യം കുറെ പേര്‍ അറിഞ്ഞു। അവളുടെ വീടിനടുത്ത് കുറെ ഫ്രണ്ട്സിനെ നേടാന്‍ എനിക്കു കഴിഞ്ഞു। അങ്ങനെ അവളുടെ കാര്യങ്ങളെല്ലാം ഒന്നും വിടാതെ ഞാന്‍ അറിയാറുണ്ട്। അവളുമായി അടുത്തിടപഴകുവാന്‍ അവസരം ലഭിച്ചത് 'CIIT' യില്‍ വച്ചാണ് (അവള്‍ അവിടെയാണ് പഠിക്കുന്നതെന്നറിയാന്‍ 16 ദിവസം തുടര്‍ച്ചയായി അവളുടെ വീടു വരെ സൈക്കിള്‍ ചവിട്ടി പോയിരുന്നു). പിന്നീടങ്ങോട്ടുള്ള പുരോഗതി ആശാജനകമായിരുന്നു. അവിടെ വച്ചു ഞാന്‍ എന്റെ ഇഷ്ടം തുറന്നു പറ്ഞ്ഞു (വാക്കുകള്‍ എനിക്കോര്‍മ്മയില്ല) മറുപടി പോസിറ്റീവ് ആയിരുന്നില്ലേങ്കിലും അതൊരിക്കലും നെഗറ്റീവ് ആയിരുന്നില്ല.

പക്ഷെ പിന്നീടു കുറെ നാളുകള്‍ അവളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ദ കൊടുക്കാന്‍ സാധിച്ചില്ല (വേറെ പെണ്‍പിള്ളേരുടെ പിന്നാലെ പോയതു കൊണ്ടാണെന്നു അസൂയാലുക്കള്‍ പറഞ്ഞു നടക്കുന്നുണ്ട്... അതൊരു സത്യം മാത്രമാണുട്ടോ...) എന്തായാലും രണ്ടു വര്‍ഷം അവളെ പറ്റി ചിന്തിച്ചതെ ഇല്ല. പക്ഷെ പ്ലസ്‌ ടു വിനു ശേഷം എന്റെ മനസ്സ് അവളിലേക്കു തിരിച്ചു വന്നു.. (പ്ലസ് ടു വില്‍ വച്ചു പല പെണ്‍പിള്ളേരുടേം അടുത്തു നിന്നു കിട്ടിയ തിരിചടികള്‍ മൂലമാണെന്നു ഞാന്‍ പ്രത്യേകം പറയണ്ടല്ലോ?..)

പിന്നീടങ്ങോട്ടു ഞാന്‍ തൊട്ടതെല്ലാം പൊന്നാവുകയയിരുന്നു.... ഞങ്ങള്‍ തമ്മില്‍ പ്രേമത്തിലായി...(ആ വിശേഷങ്ങള്‍ മറ്റൊരു പോസ്റ്റില്‍ പറയാം) പ്രേമമെന്നു പറഞ്ഞാല്‍ കൊണ്ടു പിടിച്ച പ്രേമം... ഈ കഴിഞ്ഞ മേയ് പന്തണ്ടിനു ഞങ്ങള്‍ പ്രേമത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു... ഇപ്പോ ദേ എല്ലാ പ്രേമ കഥയിലേം പോലെ വില്ലനായി അവളുടെ വീട്ടില്‍ കല്യാണാലോചനകള്‍ വരുന്നു. അവളുടെ പഠിപ്പു കഴിയാതെ കെട്ടിക്കില്ലെന്നു അവളുടെ വീട്ടുകാര്‍ ഉറപ്പു കൊടുത്തിട്ടുള്ളതിനാല്‍ എനിക്കു രണ്ടു കൊല്ലത്തെ സാവകാശം കിട്ടിയിട്ടുണ്ട്. അതിനുള്ളില്‍ ഒരു കര പറ്റിയിട്ടു വേണം അവളുടെ വീട്ടില്‍ പോയി പെണ്ണു ചോദിക്കാന്‍... അതിനിടയില്‍ അത്യാഹിതങ്ങളൊന്നും സംഭവിക്കതിരിക്കാന്‍ നിങ്ങളും പ്രാര്‍ത്ഥിക്കണേ...അല്ലെങ്കില്‍ ഈ ചെറു പ്രായത്തില്‍ ഒളിച്ചോടി തെണ്ടി തിരിഞ്ഞു ഞങ്ങളുടെ ജീവിതം കട്ടപൊകയാവും (ഏതോ സിനിമയില്‍ നിന്നു അടിച്ചു മാറ്റിയ ഡയലോഗാ)...

സര്‍വ്വം ശുഭമായി ഭവിക്കണേ സര്‍വേശ്വരാ.....

ഇനിയും പൂര്‍ത്തീകരിക്കാത്ത ഒരു പ്രണയ കഥ...

Monday, 28 April 2008

പൂര്‍‌വ്വ കാമുകിയെ ബഹുമാനിക്കാന്‍ ശീലിക്കുക.

ബഹുമാനപ്പെട്ട മുന്‍‌ കാമുകിക്ക്

ഞാന്‍‌ പുതിയ കാമുകിയോടൊത്ത് സാമാന്യം തരക്കേടില്ലാതെ മുന്നോട്ടു പോകുന്ന വിവരം ഇതിനോടകം അറിഞ്ഞു കാണുമല്ലോ? ഞങ്ങള്‍‌ ഇപ്പോള്‍‌ വിവാഹത്തെക്കുറിച്ചു വരെ ചിന്തിക്കുന്നുണ്ട്........ നമ്മള്‍‌ ഒരുമിച്ചുള്ള മനോഹരമായ നാളുകള്‍‌ ഞാന്‍‌ ഒരിക്കലും മറക്കില്ല... എങ്കിലും ജീവിതത്തിനു വേണ്ടിയുള്ള എന്‍‌‌റെ ആഗ്രഹം നീ മനസ്സിലാക്കുമെന്നു ഞാന്‍ കരുതുന്നു। ഞങ്ങള്‍‌ ഒന്നിച്ചു പുറത്തു കറങ്ങുമ്പോഴും മറ്റും നിന്‍‌റെ മുന്നില്‍‌ പെട്ടാല്‍‌ ദയവായി കണ്ടില്ലെന്നു നടിക്കണമെന്നു അപേക്ഷിക്കുന്നു। ഞങ്ങളുടെ വിവാഹം ഞാന്‍‌ ക്ഷണിക്കുമെങ്കിലും വന്നു കുളമാക്കരുതെന്നു വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.....

വിശ്വസ്തതയോടെ പൂര്‍വ്വ കാമുകന്‍‌.

Thursday, 6 September 2007

ഒരു പ്രണയം....

സഹയാത്രികന്‍ എന്ന സഹോദരന്‍ എഴുതിയ ലേഖനമാണ്.
എന്നെ വളരെയധികം ആകര്‍ഷിച്ചതു കൊണ്ട് ഞാനിതു പകര്‍ത്തുകയാണ്.
എന്റെ ജീവിതമാണോ ഇതില്‍ പ്രതിഫലിക്കുന്നത് എന്നറിയില്ല.
ഈ പാവം ഞാന്‍.......




ഇന്നവള്‍ മനസ്സിന്റെ വാതിലുകളില്‍ ശക്തിയായി മുട്ടി വിളിക്കുന്നു...ഒരു കാലത്ത് എന്റെ സ്വപ്നങ്ങളിലും പ്രതീക്ഷ്കളിലും അവള്‍ നിറഞ്ഞു നിന്നിരുന്നു.. ആദ്യം കണ്ടതെന്ന്...? ഓര്‍മ്മ വരുന്നില്ല... അതോ മനപ്പൂര്‍വ്വം ഓര്‍ക്കാതിരിക്കുന്നതോ...? വര്‍ഷങ്ങള്‍ മനസ്സില്‍ കൊണ്ടു നടന്ന ഒരു പ്രണയം... വഴിയരികില്‍ അവളെ കാണുമ്പോള്‍ ഞാന്‍ നിന്നെ ശ്രദ്ധിക്കുന്നേയില്ല എന്ന ഭാവേന നടന്നു പോകാന്‍ ശ്രമിക്കാറുണ്ട്... പക്ഷെ എന്തു ചെയ്യാന്‍... കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെ....അവള്‍ സുന്ദരിയായിരുന്നോ...? അറിയില്ല.... പക്ഷേ എന്തോ ഇഷ്ട്മായിരുന്നു അവളെ....ആരോടും പറയാതെ ഒരു പാടു കാലം മനസ്സില്‍ കൊണ്ട് നടന്നു... ഞാന്‍ ആശിച്ചിരുന്ന ഒരു കൂട്ടാളി അതവളില്‍ ഞാന്‍ കണ്ടിരുന്നു...

വര്‍ഷങ്ങള്‍ക്കു ശേഷം ഇതു പലരും അറിഞ്ഞു...എന്നിലൂടെ തന്നെ... അങ്ങനെ ചില ബാഹ്യ പ്രേരണകളുടെ കൂടി അകമ്പടികളോടെ ഞാന്‍ എന്റെ ഇഷ്ടം അവളെ അറിയിച്ചു.... മനസ്സ് വളരെ സങ്കീര്‍ണ്ണമായ് തലങ്ങളിലൂടെ സഞ്ചരിച്ച അവസരങ്ങളായായിരുന്നു അത്...പല പല ചോദ്യങ്ങള്‍..... അവളെന്തു മറുപടി പറയും? ഇഷ്ടമല്ലാന്നു പറഞ്ഞാല്‍...? ഇനി ഇഷ്ടാണെന്ന് പറഞ്ഞാല്‍... നാട്, വീട്, വീട്ടുകാര്‍, നാട്ടുകാര്‍.... അങ്ങനെ നൂറു നൂറു പ്രശ്നങ്ങള്‍...

"ഇതാണു ഞാന്‍, എനിക്ക് തന്നെ ഇഷ്ടാണു... അതെന്തന്ന് ചോദിച്ചാല്‍ എനിക്കറിയില്ല... വാഗ്ദാനങ്ങളൊന്നും തന്നെ ഇല്ല... ഇഷ്ടാണു അത്ര മാത്രം... നന്നായി ആലോചിക്കുക.... എന്നെക്കുറിച്ചല്ല.. അഛ്ചന്‍, അമ്മ, സഹോദരങ്ങള്‍...പിന്നെ നാട്ടുകാര്‍.... അങ്ങനെ താനുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാം.... എന്നിട്ട് ഒരു മറുപടി തരുക...." ഇതായിരുന്നു എന്റെ വാക്കുകള്‍... രണ്ട് ദിവസങ്ങള്‍ക്കു ശേഷം കിട്ടിയ മറുപടി പ്രതീക്ഷാജനകമായിരുന്നു..... പിന്നീട് എന്റെ സ്വപ്നങ്ങള്‍ക്ക് ആക്കം കൂടി....ഊണിലും, ഉറക്കത്തിലും, കാണുന്ന കാഴ്ചകളിലും, കേള്‍ക്കുന്ന സംഗീതത്തിലും അവള്‍ മാത്രം.... ഒരു പക്ഷെ വളരെ സുന്ദരമായിരുന്നു ആ നാളുകള്‍... കണ്ടുമുട്ടലുകളും, സംസാരങ്ങളും കുറവായിരുന്നെങ്കിലും...രണ്ട് പേര്‍ക്കും വിശ്വസ്തരായ ചില ദൂതന്മാരില്‍ക്കൂടി ഞങ്ങള്‍ കാര്യങ്ങള്‍ അറിഞ്ഞിരുന്നു....അങ്ങനെ ആ പ്രണയം പൂത്തുലഞ്ഞു.... ഞങ്ങള്‍ക്ക് തമ്മില്‍ കാണാനുള്ള അവസരങ്ങള്‍ നന്നേ കുറവായിരുന്നു.... അങ്ങനെ കണ്ടാല്‍ തന്നെയും കൂടിയാല്‍ 10 മിനിറ്റ്...അതായിരുന്നു ആ സമാഗമത്തിന്റെ ദൈര്‍ഘ്യം... അന്ന് അതും ഒരാശ്വസമായിരുന്നു.... വല്ലപ്പോഴും 10 മിനിറ്റ്...

ഈ കഥയിലും വന്നു എല്ലാ പ്രണയകഥയിലേയും പോലെ വില്ലനായി വിവാഹാലോചനകള്‍...." ഈശ്വരാ.... ഇടനിലക്കാര്‍ക്കറിയില്ലല്ലോ ഒരു കാമുകന്റെ കഷ്ടപ്പാട്...."വീണ്ടും പിരിമുറുക്കത്തിന്റെ നാളുകള്‍... അങ്ങനെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന അവസ്ഥ വന്നപ്പോള്‍ ഞാന്‍ കാര്യങ്ങള്‍ എന്റെ എല്ലാമായ മാതാപിതാക്കളെ അറിയിച്ചു.... ഒരു കുഞ്ഞിനെ വളര്‍ത്തി വലുതാക്കി അവന്റെ കാര്യങ്ങളെല്ലാം നോക്കി.... വലിയ മനക്കോട്ടകള്‍ കെട്ടി വച്ചിരിക്കുന്ന ഓരോ മാതാപിതാക്കളേയും വേദനിപ്പിക്കുന്ന ഈ കാര്യം എന്റെ മാതാപിതാക്കളേയും വേദനിപ്പിച്ചു കാണും.... എന്തായാലും അവര്‍ അതെന്നെ അറിയിച്ചില്ല... " നിന്റെ ഇഷ്ടം അതാണു വലുത്...അവര്‍ക്കും സമ്മതമാണെങ്കില്‍ നമുക്കിത് നടത്താം... "

അങ്ങനെ എല്ലാം ഭംഗ്യായി എന്നു കരുതിയപ്പോള്‍ അടുത്ത പരീക്ഷണം അവളുടെ അഛ്ചന്റെ രൂപത്തില്‍... അദ്ദേഹത്തിനു മകളുടെ ഭര്‍ത്താവായി ഞാന്‍ പോരാ... അങ്ങനെ പ്രശ്നങ്ങള്‍ രൂക്ഷമായി... ഇനി വേറെ നിവൃത്തിയില്ല വിളിച്ചിറക്കി കൊണ്ടുപോരാം... അതറിയിച്ചപ്പോള്‍ കിട്ടിയ മറുപടി... എനിക്ക് അഛ്ചനേം അമ്മേനേം വിട്ട് വരാന്‍ പറ്റില്ല എന്നയിരുന്നു... എന്നിട്ടും ഒരു പ്രണയ സാക്ഷാത്കാരത്തിനു വേണ്ടി ഞാന്‍ ഒരു പാട് ശ്രമിച്ചു... എന്റെ കഴിവിന്റെ അങ്ങേ അറ്റം വരെ.... മനസ്സില്‍ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളു.... ഞാനായി ആശ നല്‍കിയ ഒരു പെണ്‍കുട്ടി... അവളെ കൈ വിട്ടു കൂടാ...ഏതു വിധേനയും സംരക്ഷിക്കണം.... ഈ പരിശ്രമങ്ങള്‍ക്കിടയില്‍ ഞാന്‍ കേട്ടു.... "ചേട്ടനറിഞ്ഞോ.... ആ ചേച്ചിടെ കല്ല്യാണ നിശ്ചയാണു മറ്റന്നാള്‍.... "അവളുടെ അഛ്ചനെ സമ്മതിച്ചു... ഇത്ര പെട്ടന്ന് ഇങ്ങനാകും എന്നു ഞാന്‍ കരുതിയില്ല.... കേട്ട ഉടനെ ഞാന്‍ ചോദിച്ചു... "എടാ , അവള്‍..... അവള്‍ സമ്മതിച്ചോ...? " പിന്നീട് മൗനം...... ഒന്നും ചെയ്യാന്‍ കഴിയാതെ ഞാനാ വഴിവക്കില്‍ നിന്നു...ഇനിയെന്ത്.... എങ്ങനെ.... ? അറിയില്ല.... സകല ദൈവങ്ങളുടെയും തുണക്കായി പ്രാര്‍ത്ഥിച്ചു......

പിറ്റേന്നു വല്ലാത്ത അവസ്ഥയായിരുന്നു.... അന്നു രാത്രി ( നിശ്ചയത്തലേന്ന്) ഞാന്‍ കാതോര്‍ത്തീരുന്നു... എന്റെ വീട്ടിലെ ഫോണ്‍ മിണ്ടുന്നതും കാത്ത്....നിലാവിന്റെ സൗന്ദര്യം ആസ്വദിക്കതെ പോയ ഒരു രാത്രി....ഒന്നും സംഭവിച്ചില്ല.... നേരം പുലര്‍ന്നു... നിശ്ചയം ഭംഗിയായി നടന്നെന്ന് ആരോ പറയണ കേട്ടു... പെണ്ണ് വളരെ സന്തോഷത്തിലാണത്രെ.... ഗള്‍ഫ്കാരനാ പയ്യന്‍... ബന്ധുവാണു.... പിന്നങ്ങോട്ടുള്ള ദിവസങ്ങള്‍...ഹൊ..ഭീകരം... കുറച്ച് കാലം എടുത്തു എല്ലാം പഴയ രീതിയില്‍ വരാന്‍.....

ഇന്ന് അതെല്ലാം വെറുതെ ഒര്‍ക്കാനുള്ള പഴയ താളുകള്‍... പാഴായതെന്നും പറയാം... അവളോടിന്നെനിക്ക് ദേഷ്യമില്ല...നിവൃത്തികേടാകാം... ചിലപ്പോള്‍ എന്നേക്കാള്‍ നല്ല പയ്യനായിരുന്നിരിക്കാം... എന്തായാലും അവള്‍ പോയി.... ഒരു വാക്കു പോലും പറയാതെ... ഇന്നു നഷ്ട പ്രണയത്തിന്റെ ഒരോര്‍മ്മയായി എന്നുള്ളില്‍... ഇതില്‍ എവിടാണു തെറ്റിയത്...ആര്‍ക്കണു തെറ്റിയത്... ആരാണു തെറ്റ് ചെയ്തത്...? അറിയില്ല.... എല്ലാര്‍ക്കും അവരവരുടേതായ ന്യായീകരണങ്ങള്‍ ഉണ്ടാകും... അതാണു ലോകം....അവളോടെനിക്കുണ്ടായിരുന്ന ഇഷ്ടത്തിന്റെ ആഴം അവള്‍ മനസ്സിലാസിയിരുന്നില്ല എന്നു വേണം കരുതാന്‍.....എന്തായാലും അവള്‍ പോയി.... എവിടാണേലും എല്ലാ ഐശ്വര്യങ്ങളും ഈശ്വരന്‍ അവര്‍ക്കു നല്‍കട്ടെ.....

"കുടത്തുമ്പിലൂറും നീര്‍ പോല്‍ കണ്ണീരുമായ്....
വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ....
കാറൊഴിഞ്ഞ വാനിന്‍ ദാഹം തീര്‍ന്നീടവേ...
വഴിക്കോണില്‍ ശോകം നില്‍പ്പൂ ഞാനേകനായ്... "(വെട്ടം)

ഇതിലെ ഞാനായും , അവളായും നിങ്ങളോ ഞാനോ ഉണ്ടാകാം... പല പ്രണയകഥകളും ഇങ്ങനെത്തന്നെ അവസാനിക്കുന്നു...പലതും പരസ്പരം അറിയാതെ പോകുന്നു... അറിഞ്ഞവരില്‍ത്തന്നെ വിവാഹിതരാകുന്നത് വിരളം....എന്തു പറയാന്‍... അവര്‍ തമ്മിലകലുന്നതു കണ്ടു നില്‍ക്കാനേ സഹയാത്രികനു കഴിഞ്ഞുള്ളൂ... സഹയാത്രികനു മനസ്സിലാകത്തതായി ഒന്നുണ്ട്......പരസ്പരം ഇഷ്ടപ്പെട്ട രണ്ട് മനസ്സുകളെ തമ്മിലകറ്റിയിട്ട് അല്ലയോ സമൂഹമേ...നിങ്ങളെന്തു നേടി.....?

Tuesday, 4 September 2007

താഴെയുള്ള പോസ്റ്റില്‍ പറഞ്ഞിട്ടുള്ള xxxx എഴുതിയ കുറിപ്പ്........

Dear Manu,

നിന്നെക്കുറിച്ചു ചിന്തിക്കുമ്പോള്‍ പല കാര്യങ്ങളും എന്റെ മനസ്സില്‍ വരുന്നുണ്ട്. നീ എല്ലാ friends ല്‍ നിന്നും different ആണ്. നിന്റെ അടുത്ത് വെറുതെ വര്‍ത്തമാനം പറയാന്‍ വളരെ രസമാണ്. തീരെ Bore അടിക്കാറില്ല. നമ്മള്‍ friends ആയി പരിചയപ്പെട്ടത് physics lab - ല്‍ വച്ചാണ്. എനിക്കു നിന്റെ പേരു കൂടി അറിയില്ലായിരുന്നു. അങ്ങനെ നമ്മള്‍ പരിചയപ്പെട്ടു friends ആയി.
ഓരോ lab കഴിയുമ്പോഴും നാം കൂടുതല്‍ friends ആയി വരികയായിരുന്നു.. എനിക്ക് ഇങ്ങനെ ഒരു friend ഉണ്ടാകുമെന്ന് ഞാന്‍ കരുതിയില്ല. ജീവിതമാകുന്ന മഹാ സമുദ്രത്തില്‍ കണ്ടു മുട്ടിയ നമ്മള്‍ ഇപ്പോള്‍ പിരിയാന്‍ പോവുകയാണ്. ഈ വര്‍ഷം ഞാന്‍ കാരണം നിനക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. അതിനെല്ലാം sorry. ഇങ്ങനെയൊന്നും ഉണ്ടാവുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല. സംഭവിച്ച് കഴിഞ്ഞതും സംഭവിക്കാനിരിക്കുന്നതും സംഭവിച്ചു കൊണ്ടിരിക്കുന്നതും നല്ലതിനെന്നു കരുതുന്നു.
നിന്റെ Diary വായിച്ചപ്പോള്‍ എല്ലാം മനസിലായി “കള്ള ക്രിഷ്ണന്റെ ലീലാവിലാസങ്ങള്‍”
+2 കഴിഞ്ഞ് പിരിയുമ്പോള്‍ നല്ല friends ആയി പിരിയണമെന്ന് നല്ല ആഗ്രഹമുണ്ട്. അതിന് നീ സഹകരിക്കുമെന്ന് കരുതുന്നു. ഞാന്‍ കാരണം teachers ഉം എല്ലാവരും നിന്നെ തെറ്റിദ്ധരിച്ചു. അതിനു നൂറായിരം sorry. ഇനി എന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊരു നീക്കം ഉണ്ടാവുകയില്ല. പറ്റുമെങ്കില്‍ ഈ ചെറിയ ശരീരം complan എല്ലാം കഴിച്ച് ഒന്ന് പോഷിപ്പിക്ക്. ശരീരം ചെറുതായാലും മനസ്സ് വലുതാണ്. നിന്റെ, എല്ലാവരോടും തുറന്നു സംസാരിക്കുന്ന ഈ പ്രക്രിതം എനിക്ക് ഇഷ്ടമായി. ഇനി അങ്ങനെ തന്നെയായിരിക്കുക. നീ എന്നെ ഒരിക്കലും മറക്കില്ല എന്ന് കരുതുന്നു. നീ എന്നെ ഓര്‍ത്തില്ലെങ്കിലും മറക്കന്‍ ശ്രമിക്കരുത്. ഇനി physics practical ഇല്ല എന്നതിനാല്‍ എനിക്ക് വിഷമമുണ്ട്. അന്നത്തെ സംഭവങ്ങള്‍ കഴിഞ്ഞതില്‍ പിന്നെ എനിക്ക് നിന്നോട് സംസാരിക്കാന്‍ വളരെ ചമ്മലായിരുന്നു. അതുകൊണ്ടാണ് മിണ്ടാത്തത്. Tour ന്റെ CD ഇപ്പോഴും ഞാന്‍ കണ്ടില്ല. അതില്‍ എനിക്ക് വിഷമമുണ്ട്.
നീ എനിക്ക് തന്ന നല്ല ഓര്‍മകള്‍ എന്റെ മനസില്‍ എന്നുംണ്ടാകും. നിന്റെ എണ്ണമറ്റ friends ന്റെ കൂട്ടത്തില്‍ എന്നെയും അംഗമാക്കണം. നിന്റെ കയില്‍ നിന്ന് വാങ്ങി തിന്ന perk ഇപ്പോഴും എന്റെ മനസ്സിലുണ്ട്. അതു പോലെ തന്നെ Key chain ഉം


With lots of love and prayers
________(i'm not writing her name)





(ഇതു വായിച്ചിട്ട് നിങ്ങള്‍ക്ക് എന്തെങ്കിലും തെറ്റിദ്ധാരണ തോന്നുന്നുണ്ടെങ്കില്‍ അതു തികച്ചും യാദ്രിശ്ചികമാണെന്നു തോന്നുന്നില്ല. ചിലപ്പോള്‍ മനപ്പൂര്‍വമായിരിക്കാം......)
ഈ പാവം ഞാന്‍.