Sunday 14 June, 2009

ഇനിയും പൂര്‍ത്തീകരിക്കാത്ത ഒരു പ്രണയ കഥ...

{ഈ കഥയില്‍ പറയുന്നതെല്ലാം സംഭവിചതോ, സംഭവിച്ചു കൊണ്ടിരിക്കുന്നതോ ആയ കാര്യങ്ങളാണ്।പലര്‍ക്കും ഇതിലെ പല സംഭവങ്ങളും അറിയാം। ഇതു അറിയുന്നവരും, ഇതു വായിച്ചു കഴിഞ്ഞതിനു ശേഷം അറിയുന്നവരും കേള്‍ക്കാനായി ‘ഈ പാവം ഞാന്റെ
‘ അപേക്ഷ, ചുമ്മാ എന്റെ കഞ്ഞീല്‍ പാറ്റ ഇടരുത്, വേണേല്‍ കോലുമുട്ടായി വാങ്ങി തരാം}




ഞാന്‍ അവളെ ആദ്യമായി കാണുന്നത്.... (ഡേറ്റ് കൃത്യമായി ഓര്‍മ്മയില്ല)। എന്തായാലും രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ അവളെ ശ്രദ്ധിച്ചു തുടങ്ങിയത് (സത്യമായിട്ടും രണ്ടാം ക്ലാസില്‍)। എന്തു കൊണ്ടാണെന്നറിയില്ല അന്നു ക്ലാസ് നടക്കുമ്പോള്‍ ഞങ്ങള്‍ പരസ്പരം നോക്കി ചിരിക്കാറുണ്ട് (പിന്നീട് അവള്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെങ്കിലും കാര്യം സത്യാണ്ട്ടോ...)। അന്നെനിക്കറിയില്ലായിരുന്നു അവിടെ ഒരു പ്രണയം മൊട്ടിടുകയാണെന്ന്। എന്തായാലും പിന്നെ രണ്ടു വര്‍ഷത്തെ കാര്യമൊന്നും എനിക്കോര്‍മയില്ല (ഞാന്‍ കൊച്ചു കുട്ടിയല്ലായിരുന്നൊ?) . നാലാം ക്ലാസ് ജയിച്ച കുട്ടികളെ നിരത്തി നിര്‍ത്തി ഓരോ ക്ലാസ് ടീച്ചര്‍ മാര്‍ വന്നു അഞ്ചിലേക്കു വിളിച്ചു കൊണ്ടു പോകുകയായിരുന്നു പതിവ്। ആ ദിവസം ഞാന്‍ ഓരോ പേര്‍ വിളിക്കുന്നതും ശ്രദ്ധിച്ചു നില്‍ക്കുകയായിരുന്നു। ഞാന്‍ ഏതു ക്ലാസിലാണെന്നറിയാനല്ല, അവള്‍ ഏതു ക്ലാസിലാണെന്നറിയാന്‍.... ഒരു പാടു നേരത്തെ കാത്തിരിപ്പിബൊടുവില്‍ അവളുടെ പേരു വിളിച്ചു। ആരും വരുന്നില്ല। ടീച്ചര്‍ ഒന്നു കൂടി വിളിച്ചു നോക്കി, പക്ഷെ അവള്‍ വന്നില്ല। അല്പം ദുഖ:ത്തോടെയാണെങ്കിലും നാളെ അവള്‍ വരുമെന്ന പ്രതീക്ഷയില്‍ ഞാന്‍ തിരികെ പോന്നു. പിന്നീടുള്ള രണ്ടു ദിവസം ഉച്ച ഇന്റര്‍വെല്ലിന്നു ഞാനും കൂട്ടുകാരനും കൂടി ഓരോ ക്ലാസിന്റെയും ഉള്ളില്‍ പോയി നോക്കി, അവളെ കാണാന്‍. മൂന്നാം ദിവസം എനിക്കു മനസിലായി അവള്‍ ടി സി വാങ്ങി വേറെ ഏതോ സ്കൂളില്‍ പോയി എന്ന്. അന്നു ഞാന്‍ മറ്റൊരു സത്യം കൂടി മനസിലാക്കി, എനിക്കവളോടു മറ്റാരോടും തോന്നാത്ത ഒരു അടുപ്പം ഉണ്ടെന്ന്. (അതു പ്രേമമാണെന്നു ഞാന്‍ എപ്പോള്‍ മനസിലാക്കി എന്നറിയില്ല. എന്തായാലും ഏഴാം ക്ലാസ് കഴിയുന്നതിനു മുന്‍പേ അതുണ്ടായി). പിന്നെ രണ്ടു വര്‍ഷം അവളെ കുറിച്ചു ഒരു വിവരവുമില്ലതെ കടന്നു പോയി. ഏഴാം ക്ലാസില്‍ വച്ചാണ് പിന്നെ ഞാനവളെ കാണുന്നത്(തെറ്റിദ്ധരിക്കല്ലേ, ക്ലാസില്‍ വച്ചല്ല. ആ കാലം എന്നേ ഞാന്‍ ഉദ്ധേശിച്ചുള്ളൂ). എന്റെ കൂട്ടുകാരന്‍ ജിതിന്‍ ആണ് അവളെ എനിക്കു കാണിച്ചു തരുന്നത്. എന്നും നാലരക്ക് അവള്‍ പോകുന്ന ജീപ്പ് ഞങ്ങളുടെ സ്കൂളിന്റെ അരികില്‍ കുട്ടികളെ കയറ്റാനായി നിര്‍ത്തി യിടുന്നുണ്ടായിരുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി ജിതിന്‍ ഇതു കണ്ടു പിടിച്ച് എന്നെ അറിയിച്ചു. പിന്നീട് എല്ലാ ദിവസവും, കളിയില്‍ ഒരു താല്പര്യവുമില്ലാത്ത ഞാന്‍ കളിക്കാന്‍ വേണ്ടി നാലര വരെ സ്കൂളില്‍ തങ്ങി (അങ്ങനെയാണ് വീട്ടില്‍ പറഞ്ഞത്, അല്ലാതെ ഉള്ള സത്യം മുഴുവന്‍ പറയാനുള്ള ധൈര്യം അന്നുണ്ടായിരുന്നൊ?) സ്കൂളിനു പുറത്ത് ഒരു കുഴല്‍ കിണറുണ്ടായിരുന്നു. അതിനടുത്താണ് അവളുടെ വണ്ടി നിര്‍ത്തിയിടാറ് എന്ന ഒറ്റക്കാരണത്താല്‍ ഞങ്ങള്‍ എന്നും വെള്ളം കുടിക്കാന്‍ പോകുമായിരുന്നു। പിന്നീട് ഞാന്‍ വെള്ളികുളങ്ങരയിലെ സ്കൂളിലേക്കു പോയി। അവള്‍ ചാലക്കുടിയിലായിരുന്നതു കൊണ്ട് കാണാനുള്ള അവസരം തീരെ കുറവായിരുന്നു। പക്ഷെ അതിനും ഞാന്‍ പോം വഴി കണ്ടു പിടിച്ചു। അവള്‍ വരുന്ന കോടശ്ശേരി ബസ്സും എന്റെ ചാതേലി ബസ്സും ഒരേ സമയത്താണ് അവള്‍ ഇറങ്ങുന്ന സ്റ്റോപ്പില്‍ എത്തുക। അങ്ങനെ എനിക്കവളെ കാണാമായിരുന്നു।(ബസ്സുകള്‍ കൃത്യ സമയം പാലിക്കാന്‍ ഞാന്‍ നേര്‍ച്ചയിടാറുണ്ട്)। പത്താം ക്ലാസ്സ് ആയപ്പോഴെക്കും ഈ കാര്യം കുറെ പേര്‍ അറിഞ്ഞു। അവളുടെ വീടിനടുത്ത് കുറെ ഫ്രണ്ട്സിനെ നേടാന്‍ എനിക്കു കഴിഞ്ഞു। അങ്ങനെ അവളുടെ കാര്യങ്ങളെല്ലാം ഒന്നും വിടാതെ ഞാന്‍ അറിയാറുണ്ട്। അവളുമായി അടുത്തിടപഴകുവാന്‍ അവസരം ലഭിച്ചത് 'CIIT' യില്‍ വച്ചാണ് (അവള്‍ അവിടെയാണ് പഠിക്കുന്നതെന്നറിയാന്‍ 16 ദിവസം തുടര്‍ച്ചയായി അവളുടെ വീടു വരെ സൈക്കിള്‍ ചവിട്ടി പോയിരുന്നു). പിന്നീടങ്ങോട്ടുള്ള പുരോഗതി ആശാജനകമായിരുന്നു. അവിടെ വച്ചു ഞാന്‍ എന്റെ ഇഷ്ടം തുറന്നു പറ്ഞ്ഞു (വാക്കുകള്‍ എനിക്കോര്‍മ്മയില്ല) മറുപടി പോസിറ്റീവ് ആയിരുന്നില്ലേങ്കിലും അതൊരിക്കലും നെഗറ്റീവ് ആയിരുന്നില്ല.

പക്ഷെ പിന്നീടു കുറെ നാളുകള്‍ അവളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ദ കൊടുക്കാന്‍ സാധിച്ചില്ല (വേറെ പെണ്‍പിള്ളേരുടെ പിന്നാലെ പോയതു കൊണ്ടാണെന്നു അസൂയാലുക്കള്‍ പറഞ്ഞു നടക്കുന്നുണ്ട്... അതൊരു സത്യം മാത്രമാണുട്ടോ...) എന്തായാലും രണ്ടു വര്‍ഷം അവളെ പറ്റി ചിന്തിച്ചതെ ഇല്ല. പക്ഷെ പ്ലസ്‌ ടു വിനു ശേഷം എന്റെ മനസ്സ് അവളിലേക്കു തിരിച്ചു വന്നു.. (പ്ലസ് ടു വില്‍ വച്ചു പല പെണ്‍പിള്ളേരുടേം അടുത്തു നിന്നു കിട്ടിയ തിരിചടികള്‍ മൂലമാണെന്നു ഞാന്‍ പ്രത്യേകം പറയണ്ടല്ലോ?..)

പിന്നീടങ്ങോട്ടു ഞാന്‍ തൊട്ടതെല്ലാം പൊന്നാവുകയയിരുന്നു.... ഞങ്ങള്‍ തമ്മില്‍ പ്രേമത്തിലായി...(ആ വിശേഷങ്ങള്‍ മറ്റൊരു പോസ്റ്റില്‍ പറയാം) പ്രേമമെന്നു പറഞ്ഞാല്‍ കൊണ്ടു പിടിച്ച പ്രേമം... ഈ കഴിഞ്ഞ മേയ് പന്തണ്ടിനു ഞങ്ങള്‍ പ്രേമത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു... ഇപ്പോ ദേ എല്ലാ പ്രേമ കഥയിലേം പോലെ വില്ലനായി അവളുടെ വീട്ടില്‍ കല്യാണാലോചനകള്‍ വരുന്നു. അവളുടെ പഠിപ്പു കഴിയാതെ കെട്ടിക്കില്ലെന്നു അവളുടെ വീട്ടുകാര്‍ ഉറപ്പു കൊടുത്തിട്ടുള്ളതിനാല്‍ എനിക്കു രണ്ടു കൊല്ലത്തെ സാവകാശം കിട്ടിയിട്ടുണ്ട്. അതിനുള്ളില്‍ ഒരു കര പറ്റിയിട്ടു വേണം അവളുടെ വീട്ടില്‍ പോയി പെണ്ണു ചോദിക്കാന്‍... അതിനിടയില്‍ അത്യാഹിതങ്ങളൊന്നും സംഭവിക്കതിരിക്കാന്‍ നിങ്ങളും പ്രാര്‍ത്ഥിക്കണേ...അല്ലെങ്കില്‍ ഈ ചെറു പ്രായത്തില്‍ ഒളിച്ചോടി തെണ്ടി തിരിഞ്ഞു ഞങ്ങളുടെ ജീവിതം കട്ടപൊകയാവും (ഏതോ സിനിമയില്‍ നിന്നു അടിച്ചു മാറ്റിയ ഡയലോഗാ)...

സര്‍വ്വം ശുഭമായി ഭവിക്കണേ സര്‍വേശ്വരാ.....

ഇനിയും പൂര്‍ത്തീകരിക്കാത്ത ഒരു പ്രണയ കഥ...

10 comments:

പ്രൊമിത്യൂസ് said...

good..

please post something in http://vaakku.ning.com also..

Alsu said...

അത്യാഹിതങ്ങളൊന്നും സംഭവിക്കതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം

poor-me/പാവം-ഞാന്‍ said...

Ammumma of confussion.....

ഈ പാവം ഞാന്‍ said...

നന്ദി അല്‍സു.
യെന്ത് ഈ പാവം ഞാനും അപരനോ?...
അതോ ഞാനാണോ അപരന്‍?...
ഞാന്‍ 2004 മുതല്‍ ഈ പേരു ഉപയോഗിക്കുന്നതാ...
മാറ്റാന്‍ പറയരുത് പ്ലീസ്..

ശ്രീ said...

എല്ലാം ശുഭമായി തീരും മാഷേ

ചിന്നു said...

"all the best"

Javed said...

അത്യാഹിതങ്ങളൊന്നും സംഭവിക്കതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം

Parvath! said...

adipoliyato...........
best of luck.........
chechiyodum paranjeku.....!!!
god bless you

shalet said...
This comment has been removed by the author.
dileep said...

best wishes